തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ആര്‍ക്കെതിരെ ആയാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തഗത അധിക്ഷേപങ്ങളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ മാത്രമല്ല, മറ്റ് മാധ്യമങ്ങളും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അത് കണ്ടെത്തുന്നതിനടക്കം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന് നല്ല ഫലം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതില്‍ ചില പ്രയാസങ്ങളുണ്ട്. കുറേക്കൂടി നിയമപരമായ കരുത്ത് വേണം. അതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കാല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ടം , എന്തും വിളിച്ചുപറയല്‍ എന്നിവ ശക്തമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിഹത്യക്ക് എതിരെയുള്ള പ്രതിഷേധങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതേങ്കിലും ഒരു വിഭാഗത്തിന് എതിരെ വ്യക്തിഹത്യ നടന്നാല്‍ അവര്‍ക്ക് അത് വേണമെന്നും, മറ്റൊരു വിഭാഗത്തിന് എതിരെ വ്യക്തിഹത്യ നടക്കുമ്പോള്‍ അത് മോശമായി പോയി എന്ന് പറയുന്ന ഇരട്ടത്താപ്പ് പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഹത്യയില്‍ ഒരേ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post