തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചന്തകള്‍ ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും. 11 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാകും ഓണക്കിറ്റ്. 2000 പാക്കിംഗ് കേന്ദ്രത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ കിറ്റുകള്‍ തയ്യാറാക്കും. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ കിറ്റിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സപ്ലൈകോ കേന്ദ്രത്തില്‍ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷന്‍ കടവഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തിന് ആദ്യം കിറ്റുകളെത്തിക്കും. 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് പിന്നീട് കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ മഞ്ഞ കാര്‍ഡുകള്‍ക്കനം 19,20,22 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും വിതരണം ചെയ്യും.
ഓണത്തിന് മുന്‍പ് നീല വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതല്‍ പത്ത് ദിവസത്തേക്ക് നടത്തും. ഇത് കൂടാതെ റേഷന്‍ കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ച മുന്‍ഗണന ഇതര കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ വീതം സ്‌പെഷല്‍ അരി നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post