മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും; രണ്ടാമതും പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിക്കപ്പെട്ടാല്‍ 2000 രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കരമനയില്‍ കണ്ടെയിന്മെന്റ് സോണ്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണത്തിന് ജനം തയ്യാറായി. ഈ മാതൃക ജനമൈത്രി പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ഏറ്റെടുക്കും.

ബോധവത്കരണവും നിരീക്ഷണവും ശക്തിപ്പെടുത്തും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കും. റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പാലിക്കുന്നതെന്ന് പ്രചരിപ്പിക്കും. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍ എന്നിവയുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ സിറ്റി മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ സുരക്ഷിതമായി താമസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version