കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സല്യൂട്ട് നല്‍കി ആദരിച്ച പോലീസുകാരനെതിരേ വകുപ്പുതല നടപടിയില്ല. ഉദ്യോഗസ്ഥന്റെ സല്യൂട്ട് നല്ല ഉദ്ദേശത്തോടെയാണ് എന്ന വിലയിരുത്തലിലാണ് അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചത്.
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ പോലീസുകാരന്‍ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് രംഗത്ത് വന്നത്.
എന്നാല്‍ ചിത്രം വൈറലായതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ആവശ്യം ഉയര്‍ന്നതിന് പിന്നാലെ സല്യൂട്ടിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ മലപ്പുറം കലക്ടര്‍ക്കും സന്ദേശമയച്ചിരുന്നു.
മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ നിസാര്‍ ആണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റീനില്‍ കഴിയുന്ന മുക്കൂട്ടെ 4 വീടുകളിലെത്തി ആദരിച്ചത്.