ദുബായ്: കാലമിത്രയും സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്നു, ഒടുവില്‍ ജീവിതത്തിന്റെ നല്ലപാതിയായിരുന്നവള്‍ അവസാനയാത്രപോലും പറയാതെ തനിച്ചാക്കി പോയി..കണ്ണീരടക്കാനാവാതെ ബിനു പറയുന്നു. ബിനുവിന്റെ ഭാര്യ സൂസന്(38) കോവിഡ് ബാധിച്ച് സൗദിയിലാണ് മരിച്ചത്.
ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ഹെഡ് നഴ്സായിരുന്നു കല്ലട കൊടുവിള സ്വദേശിനിയായ സൂസന്. 10 വര്‍ഷമായി അവിടെയാണ്. കുളക്കട കിഴക്ക് ആലുംവിള പടിഞ്ഞാറ്റതില്‍ എ.പി ബിനു ദുബായില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍ സൂപ്പര്‍വൈസറാണ്. 12 വര്‍ഷമായി ഇവിടെ എത്തിയിട്ട്.
ഇവരുടെ ഏകമകള്‍ ഷെറിന് നാട്ടില്‍ കൊല്ലത്തുമാണ്. വ്യാഴാഴ്ച വൈകിട്ടാണ് കോവിഡ് ബാധിച്ച് സൂസനെ ആശുപത്രിയിലാക്കിയ കാര്യം ബിനുവിനെ അറിയിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം ഉള്ളതിനാല്‍ ജിദ്ദ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കു മാറ്റുകയാണെന്നും അറിയിച്ചു.
ഒടുവില്‍ വെള്ളിയാഴ്ച മരണവാര്‍ത്തയുമെത്തി. കോവിഡ് ആയതിനാല്‍ അവിടെത്തന്നെ സംസ്കരിച്ചു. ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ ബിനുവിനോ അമ്മയ്ക്ക് അന്ത്യചുംബനം നല്കാന് മകള്‍ ഷെറിനോ കഴിഞ്ഞില്ല. പ്രിയതമയുടെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ബിനുവിന് കഴിഞ്ഞിട്ടില്ല.
‘എന്റെ ജീവിതത്തിന്റെ നല്ലപാതിയല്ലേ പോയത്…എത്ര ശ്രമിച്ചിട്ടും വിങ്ങല്‍ അടക്കാന്‍ പറ്റുന്നില്ല” നിറകണ്ണുകളോടെ ബിനു പറയുന്നു.ഇരുവരുടെയും ജീവിത സ്വപ്നമായിരുന്ന വീടുപണി ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കോവിഡിന്റെ തീവ്രത തീര്‍ന്നാലുടന്‍ ഗൃഹപ്രവേശം നടത്താന്‍ നിശ്ചിയിച്ചിരുന്നു.
മകള്‍ ഷെറിന് കിഴക്കേക്കല്ലട മൗണ്ട് കാര്‍മല്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സൂസന്റെ മാതാപിതാക്കളായ ജോര്‍ജിന്റെയും മറിയയുടെയും ഒപ്പമാണ് ഷെറിന്. സൗദിയില്‍ സംസ്കാര ശുശ്രൂഷ നടത്തിയ അതേ സമയത്ത് കൊടുവിള സെന്റ് ജോര്‍ജ് ഭവനിലും ചടങ്ങുകള്‍ നടത്തി.
Discussion about this post