കോട്ടയം: സന്ധ്യമുതൽ കാണാതായ പിതാവിനെ തേടി ഇറങ്ങിയ എബിനും ബിബിനും ഒരു രാത്രി മുഴുവൻ നടത്തിയ തെരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് പിതാവിന്റെ ചലനമറ്റ ശരീരം. കാണാതായ പിതാവിനൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. പിതാവിനെ തേടി വെള്ളത്തിലിറങ്ങുമ്പോഴും മക്കളുടെ പ്രതീക്ഷ അദ്ദേഹം ജീവനോടെ തിരിച്ചെത്തുമെന്നായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തച്ചുടച്ച് ബിബിന്റെ കൈകളിൽ പിതാവിന്റെ ചലനമറ്റ ശരീരം തടയുകയായിരുന്നു.
നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാമിനെ (ഷിബു 61) കാണാതായത് ഞായറാഴ്ച വൈകീട്ടായിരുന്നു. രണ്ടാമത്തെ മകനായ ബിബിന്റെ ഭാര്യ ധന്യയുടെ വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് സാധനങ്ങൾ ഉയരത്തിൽ എടുത്തുവെക്കുന്ന ജോലിയിലായിരുന്നു പകൽ മുഴുവൻ കുര്യൻ. തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. വൈകീട്ട് വീണ്ടും സഹായത്തിനായി വരാമെന്നുപറഞ്ഞ് ഇറങ്ങിയതാണ്.
എന്നാൽ കുര്യൻ സ്വന്തം വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മരുമകളുടെ വീട്ടിൽ വിളിച്ചന്വേഷിച്ചു. അവിടെ നിന്നും ഇറങ്ങിയെന്ന് അറിഞ്ഞതോടെ അദ്ദേഹം പോകാനിടയുള്ള എല്ലായിടത്തും തിരച്ചിൽ തുടങ്ങി.
നീലിമംഗലം ഭാഗത്ത് റോഡിൽ രാവിലെ അധികം വെള്ളമുണ്ടായിരുന്നില്ല. വൈകുന്നേരമായപ്പോഴേക്കും ഒരാൾപൊക്കത്തിൽ വെള്ളം ഉയർന്നിരുന്നു. ഇതറിയാതെ റോഡിലൂടെ പോയ കുര്യൻ അപകടത്തിൽപെട്ടതാവാമെന്ന സംശയം ഉയർന്നതോടെയാണ് രാത്രി ഒമ്പതുമണിയോടെ ഗാന്ധിനഗർ പോലീസിൽ പരാതിനൽകിയത്. രാത്രി തിരച്ചിൽ അസാധ്യമാണെന്നും രാവിലെ എത്താമെന്നും ഫയർഫോഴ്‌സ് അറിയിച്ചെങ്കിലും മകനും കൂട്ടുകാരും ചേർന്ന് പുലർച്ച തന്നെ തിരച്ചിൽ നടത്തുകയായിരുന്നു. ഏഴരയോടെയാണ് പള്ളിപ്പുറം പാറയിൽ ക്രഷറിന് സമീപത്തെ റോഡിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.