തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം റിമാന്‍ഡ് പ്രതികള്‍ക്ക് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജയില്‍ വകുപ്പ് അധികൃതര്‍. സുരക്ഷ ഒരുക്കാന്‍ സാധിക്കാത്ത ആശുപത്രിയില്‍ നിന്നും പ്രതികള്‍ രക്ഷപ്പെടുന്നതിനെ തുടര്‍ന്നാണ് കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള കേന്ദ്രങ്ങള്‍ക്ക് പകരമായി ആറ് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് കൊണ്ട് ജയില്‍വകുപ്പ് കളക്ടര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.
അതേസമയം തലസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് യാതൊരു ശമനവുമില്ല. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 200 പേരില്‍ 178 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 13 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന ജില്ലയിലെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ 2,800 കോവിഡ് പരിശോധനകളില്‍ 288 എണ്ണം പോസിറ്റീവായിയിരുന്നു. അതേസമയം കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് അധികൃതര്‍ മൂന്നിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post