പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി; മൃതദേഹം കിട്ടിയത് പുഴയില്‍ നിന്ന്, ഇനി കണ്ടെത്താനുള്ളത് 19 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി. പ്രതികൂല കാലാവസ്ഥയെയും സാഹചര്യങ്ങളേയും മറികടന്ന് ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രക്ഷാ പ്രവര്‍ത്തകര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്താനുള്ളത് പത്തൊമ്പത് പേരെയാണ്. അതില്‍ ഏറെയും കുട്ടികളാണ്. പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. അതേസമയം ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഡിഎന്‍എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

അതേസമയം കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെങ്കിലും ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.

കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇടുക്കി,കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളായിരിക്കും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Exit mobile version