കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മീടൂ വെളിപ്പെടുത്തലുകള്‍ വന്നതിനുശേഷം കുറഞ്ഞുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ തയ്യാറായതോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്‍മാര്‍ ഭയക്കുന്നുണ്ടെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
നിയമങ്ങള്‍ക്ക് പല്ലും നഖവും വേണം. പല നിയമങ്ങള്‍ക്കും പല്ലും നഖവുമില്ലാത്ത അവസ്ഥയാണുള്ളത്. ഐടി നിയമങ്ങള്‍ ദുര്‍ബലമാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സൈബര്‍ അന്വേഷണം നടക്കുന്നതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
വയോജനനിയമം പോലും മതിയായ രീതിയില്‍ നടപ്പാക്കാനാവുന്നില്ല. മക്കള്‍ ലേലം ചെയ്ത് അമ്മയെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ധാരണയുണ്ടാക്കിയ സംഭവം വരെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 10 രൂപയോ ഒരു സെന്റ് ഭൂമിയോ ഉള്ളവരായ മാതാപിതാക്കള്‍ എത്ര സമ്മര്‍ദ്ദമുണ്ടായാല്‍ പോലും മക്കള്‍ക്ക് സ്വത്തോ പണമോ എഴുതി നല്‍കരുത്. കേസുകളുടെ സ്വഭാവം അതാണ് സൂചിപ്പിക്കുന്നതെന്നും എംസി ജോസഫൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അംഗങ്ങളായ എംഎസ് താര, ഇഎം രാധ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.