മലപ്പുറം: കോവിഡും പെരുമഴയും മറന്ന് കരിപ്പൂരില്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്നില്‍ നിന്നവരാണ് നല്ലവരായ പ്രദേശിവാസികള്‍. സ്വന്തം ജീവന് പോലും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ കേരളമൊന്നടങ്കം അനുമോദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
ഏറ്റവുമൊടുവില്‍ ക്വാറന്റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു പോലീസുകാരന് സല്യൂട്ട് നല്കി ആദരവ് അര്‍പ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാര്ട്ടമെന്റുമെത്തി.
മേധാവികളറിയാതെയും അനുമതിയില്ലാതെയുമാണ് പോലീസുകാരന്റെ ആദരം. ചിത്രം വൈറല്‍ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താന്‍ അന്വേഷണവും നടത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനല്‍ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തല്‍. കണ്ട്രോള് റൂമില്‍ നിന്നും സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറല്‍ ആദരം നടത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐ യോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറല്‍ ആയ പോലീസ്കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും.
നിരവധിപേരാണ് പോലീസുകാരന് സല്യൂട്ട് നല്കി രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതില്‍ ചലച്ചിത്ര താരങ്ങളടക്കമുള്ളവരും ഉള്‍പ്പെടുന്നു. സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളാണ് ഇതിനോടകം ചിത്രം പങ്കു വെച്ചിരിക്കുന്നത്.
Discussion about this post