കല്‍പ്പറ്റ: കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും അടിസ്ഥാനത്തില്‍ നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍.
മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- വനം- പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശ പ്രകാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് യമുന, നോര്‍ത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍, വൈത്തിരി തഹസില്‍ദാര്‍ ടിപി അബ്ദുല്‍ ഹാരിസ് എന്നിവര്‍ നടപടികള്‍ക്ക് മുന്നിട്ട് നില്‍ക്കുകയായിരുന്നു.
പൊതുസമൂഹവുമായി ബന്ധമില്ലാത്ത കുടുംബങ്ങളെ സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരായ കെ വീരാന്‍കുട്ടി, കെ ഹാഷിഫ് എന്നിവര്‍ മുഖേന ബന്ധപ്പെട്ടതോടെയാണ് ഇവര്‍ പുറത്തെത്താന്‍ സന്നദ്ധത അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തിനുള്ളിലെത്തി ഇവരെ പുറത്തെത്തിച്ചത്.
Discussion about this post