പ്രസ് സെക്രട്ടറിക്ക് ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല, ചോദ്യങ്ങൾ മാധ്യമസ്വാതന്ത്ര്യമെന്ന് വിനു; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടന്ന് വെക്കും, കുഞ്ഞ് പോയി തരത്തിൽ കളിക്കെന്ന് പിഎം മനോജ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വിനു വി ജോണും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജും തമ്മിലുള്ള തർക്കം മുറുകുന്നു. വാർത്താ സമ്മേളനത്തിൽ എത്രപേർ പങ്കെടുക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നതും മാധ്യമ സ്വാതന്ത്ര്യമാണെന്ന വിനു പങ്കുവെച്ച ട്വീറ്റിന് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പിഎം മനോജ്.

മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ലെന്നായിരുന്നു പിഎം മനോജ് നൽകിയ മറുപടി. ‘മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടുവേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തിൽ കളിക്ക്,’ പിഎം മനോജ് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരെ പരിഹസിച്ച് പിഎം മനോജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം കേരള ഖജനാവിൽ നിന്നാണ് പാർട്ടി ഓഫീസിൽ നിന്നല്ല എന്ന് വിനു ട്വീറ്റ് ചെയ്തു. കടക്ക് പുറത്ത് എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. ‘പാർട്ടിയ്ക്ക് മാധ്യമ ബഹിഷ്‌കരണമാകാം. പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവിൽനിന്നാണ്,പാർട്ടി ഓഫീസിൽ നിന്നല്ല.വാർത്താ സമ്മേളനത്തിൽഎത്രപേർവരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്,’- വിനുവിന്റെ ട്വീറ്റ് ഇങ്ങനെ.

Exit mobile version