പെരിയ: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു കുടുംബം. അബ്ദുല്‍ റഫി (39), ഭാര്യ ആയിഷത്ത് ഷെലീന (35), മക്കളായ അബ്ദുല്ല റിഹാന് (10), അബ്ദുല്ല ഷഹ്നാന്‍ (4) എന്നിവരാണ് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും സുഖവിവരങ്ങള്‍ അന്വേഷിച്ചവര്‍ക്കും നന്ദി പറഞ്ഞ് ഒടുവില്‍ റാഫിയും കുടുംബവും കുണിയ കുണ്ടൂരിലെ വീടായ ആര്‍എസ് വില്ലയിലെത്തി ക്വാറന്റീനില്‍ പ്രവേശിച്ചു. ഇതിനു മുന്നോടിയായി കുടുംബം ജില്ലാ ആശുപത്രിയിലെത്തി കോവിഡ് പരിശോധനയ്ക്കു വിധേയരായി.
‘വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. മഴയത്ത് ലാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ടായിരുന്നു. ലാന്‍ഡിങ്ങിനു മുന്‍പ് വേഗം കൂടി. പിന്നീടു കുറയുകയും വീണ്ടും വേഗം കൂടുകയും ചെയ്തു. പെട്ടെന്ന് അപകടം സംഭവിച്ചു”- റഫി പറയുന്നു.
കനത്തമഴയില്‍ സഹയാത്രികരുടെ മരണവെപ്രാളത്തിനിടയിലും ഭാര്യയെയും കുട്ടികളെയും തിരക്കി. ആരെങ്കിലും അവരെ രക്ഷിക്കണമെന്നു മാത്രമാണു പ്രാര്‍ഥിച്ചത്. ഇതിനിടയില്‍ എന്നെയും ആരൊക്കെയോ ചേര്‍ന്ന് കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചു ഭാര്യയും മക്കളും സുരക്ഷിതരാണെന്നു മനസ്സിലാക്കിയെന്നും അബ്ദുള്‍ റഫി കൂട്ടിച്ചേര്‍ത്തു.
രാത്രി വൈകി നാട്ടില്‍ നിന്നു പിതാവ് ഹമീദും സുഹൃത്തുക്കളായ കെ.എ.അബ്ദുല്ല, നൗഫല്‍, ഫസല്‍, അസ്ലം എന്നിവരും എത്തി. സാരമായ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി തന്നെ കുണിയയിലേക്കു തിരിക്കുകയും പുലര്‍ച്ചെ വീട്ടിലെത്തുകയും ചെയ്തുവെന്നും റഫി വ്യക്തമാക്കി.
അപകടത്തില്‍ റഫിയുടെ കൈവിരലിനു പൊട്ടലുണ്ട്. ചുണ്ട് മുറിഞ്ഞു തുന്നലുള്ളതിനാല്‍ സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ട്. ഷെലീനയ്ക്കും മുഖത്തു പരുക്കുണ്ട്. റിഹാനു വയറിനു വേദനയുണ്ടെന്നു പറഞ്ഞതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.
Discussion about this post