ഭാര്യയും മൂന്നു മക്കളും നാട്ടിലേക്ക് പോയത് അപകടത്തില്‍പ്പെട്ട വിമാനത്തില്‍, ദുരന്തവാര്‍ത്തയറിഞ്ഞതോടെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി, ആശ്വാസമായത് മകളുടെ ശബ്ദം കേട്ടപ്പോള്‍; പ്രവാസിയായ സുള്‍ഫിക്കര്‍ പറയുന്നു

ദുബായ്: അപകട വാര്‍ത്തയറിഞ്ഞപ്പോള്‍ ശ്വാസം നിലച്ചുപോയത് പോലെ തോന്നി, ഒന്നരമണിക്കൂറിന് ശേഷം കുഴപ്പമൊന്നുമില്ലെന്ന മകളുടെ വാട്‌സാപ്പ് സന്ദേശം വന്നതോടെയാണ് ദേഹത്താകമാനം പടര്‍ന്നുകയറിയ മരവിപ്പ് വിട്ടുമാറിയതെന്ന് പറയുകയാണ് മലപ്പുറം മങ്കട വടക്കാക്കരയില്‍ ചുള്ളിക്കുളവന്‍ വീട്ടില്‍ സുള്‍ഫിക്കര്‍ അലി.

സുള്‍ഫിക്കറിന്റെ ഭാര്യയും മൂന്നു മക്കളും അപകടത്തില്‍പ്പെട്ട വിമാനത്തിലാണ് നാട്ടിലേക്ക് പോയത്. അവരെ യാത്രയാക്കിയ ശേഷം ഷാര്‍ജ മൈസലൂണിലെ മുറിയിലെത്തിയ സുള്‍ഫിക്കര്‍ ഫ്‌ലൈറ്റ് ട്രാക്കര്‍ ആപ്പില്‍ വീക്ഷിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു.

ഫ്‌ലൈറ്റ് ട്രാക്കറില്‍ ലാന്‍ഡിങ് സമയത്ത് (യുഎഇ സമയം 5.30 കഴിഞ്ഞ്) ആയിരം അടി താഴ്ചയിലേക്ക് വന്ന വിമാനം വീണ്ടും ആറായിരം അടി മുകളിലേക്കും പിന്നീട് തൊള്ളായിരം അടി താഴ്ചയിലേക്കും പറക്കുന്നത് സുള്‍ഫിക്കര്‍ കണ്ടു. എന്നാല്‍ പിന്നീട് ഒന്നും ദൃശ്യമായില്ല.

വിമാനം ലാന്‍ഡ് ചെയ്തിരിക്കാമെന്നാണ് സുള്‍ഫിക്കര്‍ കരുതിയത്. പക്ഷേ പിന്നീട് ഒരു വിവരവുമില്ലാതായി. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതായി സമൂഹമാധ്യമത്തിലൂടെ വാര്‍ത്തയറിഞ്ഞു. വാട്‌സാപ്പില്‍ വിമാനം തകര്‍ന്നുകിടക്കുന്ന ചിത്രം കണ്ടെങ്കിലും സുള്‍ഫിക്കര്‍ അത് വ്യാജമാണെന്ന് കരുതി.

എന്നാല്‍ തുടര്‍ന്ന് വിവരമൊന്നുംകിട്ടാതായതോടെ ഒന്നരമണിക്കൂറോളം ആധിയിലായി. ശ്വാസം തന്നെ നിലച്ചുപോകുന്ന പ്രതീതിയായിരുന്നുവെന്ന് സുള്‍ഫിക്കര്‍ പറയുന്നു. വിമാനത്താവളത്തിന് പുറത്തെ കുടുംബത്തെ കാത്ത് നിന്ന സഹോദരന് ഫോണ്‍ ചെയ്‌തെങ്കിലും ചെറിയ പ്രശ്‌നം മാത്രമെന്നാണ് ആദ്യം അറിഞ്ഞത്.

എന്നാല്‍ പിന്നീട് ഫയര്‍ഫോഴ്‌സും മറ്റും പാഞ്ഞുപോകുന്നെന്ന് കേട്ടതോടെ ജീവന്‍ തന്നെ പോകുന്നതു പോലെ തോന്നി. ഒടുവില്‍ യുഎഇ സമയം 7.05ന് കുഴപ്പമില്ലെന്ന് മകളുടെ സന്ദേശം വന്നപ്പോഴാണ് ശ്വാസം നേരേ വീണതെന്ന് സുള്‍ഫിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പത്താംക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയതോടെയാണ് മൂത്തമകള്‍ ഇഷാലിനെ(16)നാട്ടില്‍ അയ്ക്കുന്നതിനൊപ്പം സ്ഥിരതാമസമാക്കാനും തീരുമാനിച്ചത്. തുടര്‍ന്ന് ഭാര്യ ഷെമില, മക്കളായ ഇന്‍ഷ (11), മുഹമ്മദ് സിഷാന്‍(9)എന്നിവരെയും നാട്ടിലേക്ക് വിട്ടു.

വളരെ പ്രയാസപ്പെട്ടായിരുന്നു വിമാന ടിക്കറ്റ് സംഘടിപ്പിച്ചത്. അപകടത്തില്‍ മുഹമ്മദ് സിഷാന് തലയ്ക്ക് നാലു തുന്നലുണ്ട്. മകന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നു വീഴുന്നത് കണ്ട് ഷെമില ബോധം കെട്ടു. ഇതോടെ ഇഷാല്‍ ധൈര്യം സംഭരിച്ച് പിന്നീട് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുകയായിരുന്നെന്ന് സുള്‍ഫിക്കര്‍ പറഞ്ഞു.

ഇന്‍ഷായ്ക്കും കാലിന് ഒടിവ് പറ്റി. അവരെല്ലാം കോഴിക്കോട് മിംസിലാണ്. ഏതായാലും ജീവന്‍ തിരികെത്തന്ന ദൈവത്തിന് നന്ദി പറയുകയാണ് സുള്‍ഫിക്കര്‍. 13 വര്‍ഷമായി ഷാര്‍ജയിലുള്ള സുള്‍ഫിക്കര്‍ കാര്‍ഗോ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

Exit mobile version