കൊണ്ടോട്ടി: ”തകരഷീറ്റില്‍ അടിക്കുന്ന ശബ്ദമാണ് കേട്ടത്. ഇടത്തോട്ട് നോക്കുമ്പോള്‍ വിമാനം കുത്തനെ താഴ്ന്നുവന്ന് നില്‍ക്കുകയാണ്. ” കരിപ്പൂരില്‍ ശനിയാഴ്ച നടന്ന വിമാനാപകടം നേരില്‍ക്കണ്ട ഭാര്യാഭര്ത്താക്കന്മാരായ ഷാജു ഓങ്ങല്ലൂരും ഷിജിയും പറയുന്നു. ഷാജുവാണ് അപകടവിവരം സമൂഹമാധ്യമത്തിലൂടെ നാട്ടുകാരെ അറിയിച്ചത്.
ഷാജുവും ഷിജിയും വീടിന്റെ ഉമ്മറത്ത് സംസാരിച്ചിരിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഷാജുവിന്റെ വീടിന്റെ 30 മീറ്റര്‍ അകലെ മാത്രമാണ് അപകടമുണ്ടായത്. വിമാനം വലതുഭാഗത്തേക്കാണ് വീണതെങ്കില്‍ ഒരുപക്ഷെ, ഷാജുവും കുടുംബവും ഇന്നുണ്ടാകില്ലായിരുന്നു.
”തകരഷീറ്റില്‍ അടിക്കുന്ന ശബ്ദമാണ് കേട്ടത്. ഇടത്തോട്ട് നോക്കുമ്പോള്‍ വിമാനം കുത്തനെ താഴ്ന്നുവന്ന് നില്‍ക്കുകയാണ്. വിമാനം പതുക്കെയാണ് പതിച്ചത്. പക്ഷേ ഞെട്ടിക്കുന്നതായിരുന്നു കാഴ്ച. പിന്നെ അന്തരീക്ഷമാകെ പുകയായി.” – ഷാജുവും ഷിജിയും പറയുന്നു.
അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞും ചാറ്റല്മഴയുമായിരുന്നു. ധൈര്യം സംഭരിച്ച് അടുത്തേക്കു ചെന്നപ്പോള്‍ ആളുകളുടെ അലര്‍ച്ചയും നിലവിളിയുമാണ് കേള്‍ക്കുന്നത്. വിമാനം പൊട്ടിത്തെറിക്കുമോ എന്ന പേടി അപ്പോഴുമുണ്ട്. എന്ജിന് ഓഫ് ചെയ്തിരിക്കുകയാണെന്ന് ഉറപ്പുവന്നപ്പോള്‍ അടുത്തുചെന്നുവെന്ന് ഷാജു പറയുന്നു.
പിന്നീട് ഷാജു അപകടത്തിന്രെ ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഷാജുവിന്റെ അറിയിപ്പാണ് നാട്ടുകാരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചത്. വീടിന് തൊട്ടടുത്തുള്ള ഫുട്ബോള്‍ ടര്‍ഫിന്റെ മാനേജരാണ് ഷാജു.
Discussion about this post