കോട്ടയം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിലെ പ്രധാന നദികളായ പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നി കരതൊട്ട് ഒഴുകുയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മീനച്ചില്‍, കൊടൂരാറുകള്‍ കരകവിഞ്ഞ് കോട്ടയം നഗരത്തിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അയര്‍ക്കുന്നം, പേരൂര്‍, പൂവത്തുംമൂട്, പാറേച്ചാല്‍, തിരുവഞ്ചൂര്‍, താഴത്തങ്ങാടി ഭാഗങ്ങളില്‍നിന്ന് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കുമരകം, അയ്മനം, ആര്‍പ്പുക്കര, തിരുവാര്‍പ്പ് പഞ്ചായത്തുകളിലും വെള്ളം കയറിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പമ്പ ഡാം പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്. മഴ കനത്താല്‍ ഇന്നോ നാളെയോ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സമയം മുല്ലപ്പെരിയാര്‍ സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടാല്‍ അപകടമാകും. ആലപ്പുഴയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയിരിക്കുകയാണ്.
Discussion about this post