കൊച്ചി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റവരെ, സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷപെടുത്തിയ മലപ്പുറത്തുകാര്‍ക്ക് സല്യൂട്ട് അടിച്ച് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്. ഈ മഴയുടെ പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷ നോല്‍ക്കാതെ മറ്റുള്ളവരുടെ ജീവന്റെ വില അറിയുന്ന മലപ്പുറത്തിന്റെ മനസിന് മുന്‍പില്‍ പ്രവര്‍ത്തിക്കു മുന്‍പില്‍ ശിരസ്സു നമിക്കുന്നു, അഭിമാനിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഓര്‍ത്ത്- രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ പ്രശംസിച്ച് കളക്ടര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടറിന്റെ അഭിനന്ദനം.
ഫേസ്ബുക്ക് പോസ്റ്റ്:
മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട് !
തികച്ചും വേദനാജനകമായ ഒരു ദിനമായിരുന്നു ഇന്നലെ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊരുതി നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ മഴയും, വെള്ളപ്പൊക്ക ഭീതിയും കുറച്ചൊന്നുമല്ല ഈ നാടിനെ അലട്ടിയിരിക്കുന്നത്.അപ്പോഴാണ് ഇടുക്കി ജില്ലയില്‍ നിന്നും ഇന്നലെ രാവിലെ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും തുടര്‍ന്ന് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്.
എറണാകുളത്തെ ജനതയ്ക്ക് വേണ്ടി മുന്‍കരുതല്‍ എടുക്കുന്ന തിരക്കിലായിരുന്നു ഞങ്ങള്‍ എല്ലാവരും എങ്കിലും ഇവിടെ നിന്ന് എത്തിക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രത്യേകം ശ്രമിച്ചു. വിഷമത്തോട് കൂടി തന്നെ ഇടുക്കിയിലെ വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു.രക്ഷിക്കാനായി അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ തന്നെയാണ് കേട്ടത്.
രാത്രി സമയത്തു ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ എത്തുന്ന ഓരോ ഫോണ്‍ കോളുകളെയും ജാഗ്രതയോടെയാണ് കാണുന്നത്. തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു കോഴിക്കോട് വിമാന താവളത്തില്‍ ലാന്‍ഡ് ചെയ്ത ഫ്‌ലൈറ്റ് റണ്‍വേയില്‍ നിന്ന് തെന്നി മാറി എന്നത്. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി അറിയുന്നത്. വയനാട് ജോലി ചെയ്യുമ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തിട്ടുള്ളതിനാല്‍ ആദ്യം തോന്നിയ ആശങ്ക അവിടെ നിന്നും ഈ പ്രത്യേക സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടവരെ എങ്ങനെ ആശുപത്രികളില്‍ എത്തിക്കും എന്നത് തന്നെ ആയിരുന്നു .
പിന്നീട് അങ്ങോട്ട് കണ്ടത്, കേട്ടതും അറിഞ്ഞതും കേരളത്തിന്റെ, മലപ്പുറത്തിന്റെ, മലപ്പുറത്തുകാരുടെ നന്മ ആയിരുന്നു. ഈ കോവിഡ് പശ്ചാത്തലത്തില്‍, ഈ മഴയുടെ പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷ നോല്‍ക്കാതെ മറ്റുള്ളവരുടെ ജീവന്റെ വില അറിയുന്ന മലപ്പുറത്തിന്റെ മനസിന് മുന്‍പില്‍ പ്രവര്‍ത്തിക്കു മുന്‍പില്‍ ശിരസ്സു നമിക്കുന്നു .. അഭിമാനിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഓര്‍ത്ത്
രണ്ടാഴ്ച മുന്‍പ് മലപ്പുറത്ത് തന്നെ ഉള്ള ഒരു കുഞ്ഞനുജന്‍ മനസറിഞ്ഞു നിഷ്‌കളങ്കമായി പറഞ്ഞത് സത്യമാണെന്നു നിങ്ങള്‍ ഓരോരുത്തരും തെളിയിച്ചു. സ്വന്തം സുരക്ഷക്ക് എന്ത് വന്നാലും’ മ്മക്ക് ഒരു കൊഴപ്പോല്ല്യ’എന്ന വിശ്വാസവുമായി ഓരോ ജീവനും രക്ഷിച്ചു ആശുപത്രിയില്‍ എത്തിച്ച,മനുഷ്യ ജീവനാണ് വലുത് എന്ന് വീണ്ടും വീണ്ടും തെളിയിച്ച മലപ്പുറത്തുകാരന്റെ മനസാണ് വലുത് …
നിങ്ങളുടെ എല്ലാരുടെയും ശരിയാകും ഞങ്ങളുടെ പ്രാര്‍ത്ഥന ഉണ്ട്
ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിലും, കോഴിക്കോട് വിമാന അപകടത്തിലും ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു , പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
സുഹാസ്. എസ് IAS
ജില്ലാ കളക്ടര്‍
എറണാകുളം