വയനാട്: വയനാട് സുഗന്ധഗിരിയില്‍ മണ്ണിടിച്ചില്‍. രണ്ട് വീടുകള്‍ മണ്ണിന് അടിയില്‍ പെട്ടു. ആളപായമില്ല.ആര്‍ക്കും പരുക്കില്ല. നായ്ക്കന്‍ കോളനിയിലാണ് മണ്ണിടിഞ്ഞത്. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
സംഭവ സ്ഥലത്ത് നേരത്തെ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. അതിനാല്‍ ദുരന്തം ഒഴിവായി. അതേസമയം കനത്ത മഴ തുടരുകയാണ്. അതേസമയം രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം 26 ആയി. 12 പേരെ രക്ഷപെടുത്തി.78 പേരാണ് ദുരന്തത്തില്‍ പെട്ടതെന്നാണ് വിവരം.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് വ്യാപകനാശമാണ് ഉണ്ടായത്. ഇടുക്കിയില്‍ വ്യാപക നാശമുണ്ടായി. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കര്‍ കൃഷി നശിച്ചു. പത്ത് വീട് തകര്‍ന്നു. ചെകുത്താന്‍ മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയില്‍ നിരപ്പേല്‍കട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകള്‍ ജില്ലയില്‍ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു.