കോഴിക്കോട്: കോവിഡിനേയും ശക്തമായ മഴയെയും വകവെയ്ക്കാതെ വിമാനാപകടവിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ കൊണ്ടോട്ടിക്കാരുടെ നന്മയെ വാനോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങള്‍. ഇപ്പോഴിതാ കൊണ്ടോട്ടിക്കാരുടെ നല്ല മനസ്സിനെ ഹൃദ്യമായ ഭാഷയിലൂടെ അഭിനന്ദിക്കുകയാണ് താര ടോജോ അലക്സ്.
ആംബുലന്‍സും സി ആര്‍പി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയില്‍ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ താര പറയുന്നു.
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത കൊണ്ടോട്ടിയിലെ ചെറുപ്പക്കാരെ എങ്ങനെയാണ് ചേര്‍ത്തു പിടിക്കേണ്ടതെന്ന് താര ചോദിക്കുന്നു. സ്വന്തം ജീവന്‍ അപകടത്തില്‍ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ കൊണ്ടോട്ടിക്കാര്‍ യഥാര്‍ത്ഥ മനുഷ്യ സ്നേഹികളാണെന്നും താര കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയി എറങ്ങാന്‍ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തില്‍ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്‌ക് ഇല്ല, സാമൂഹിക അകലും ഇല്ല..
37 ആള്‍ക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് ‘
– ഒരു കൊണ്ടൊട്ടിക്കാരന്‍.
വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണിലാണ്.
രാത്രിയും മഴയും തണുപ്പും കൊരോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് വന്ന വിമാനമാണ്. അതില്‍ പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നു.
തകര്‍ന്ന വിമാനത്തില്‍ പി പി ഇ കിറ്റും ഫെയ്‌സ് ഷെല്‍ട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലന്‍സിന് പോലും കാത്തു നില്‍ക്കാതെ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് രക്ഷകര്‍ത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേല്‍പ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ… മാനവികതയുടെ മനസ്സ്.
അതിനൊരു ബിഗ് സല്യൂട്ട്..
ആംബുലന്‍സും സി ആര്‍പി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയില്‍ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല.
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത ചെറുപ്പക്കാരേ.. നിങ്ങളെ എങ്ങനെയാണ് ചേര്‍ത്ത് പിടിക്കേണ്ടത് ?
സ്വന്തം ജീവന്‍ അപകടത്തില്‍ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ പ്രിയപ്പെട്ടവരെ… നിങ്ങള് എന്തൊരു മനുഷ്യരാണ്
ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല.
മലപ്പുറത്തെ എന്റെ സഹോദരങ്ങളെ …
സ്‌നേഹം..
നിങ്ങളെ ഓര്‍ത്തു അഭിമാനം
Discussion about this post