വിതുര: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് കൂട്ട് നിന്ന വീട്ടമ്മ അറസ്റ്റില്‍. മരുതാമല റാണി ഭവനില്‍ കവിത(34)യാണ് അറസ്റ്റിലായത്. മരുതാമല അടിപറമ്പിലെ വീട്ടിലാണ് സംഭവം. പ്രതി രാജേഷിനെ സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് കവിതയെ അറസ്റ്റ് ചെയ്തത്.
വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന് സ്വര്‍ണ്ണമാണ് മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ച കവിതയും ഭര്‍ത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. കവിതയുമായി സൗഹൃദത്തിലായിരുന്ന രാജേഷ് ഇവരില്‍ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെ, കവിത വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ വിവരം രാജേഷിനോട് പറഞ്ഞു. ശനിയാഴ്ച ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് ഇവര്‍ വീടിന്റെ പിന്‍വാതില്‍ തുറന്നിട്ടശേഷം രാജേഷിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം യുവാവ് സ്വര്‍ണ്ണവുമായി കടന്നു കളയുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. രാജേഷിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post