കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം ഒരു നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്, അതിനിടെ സമൂഹമാധ്യമങ്ങളിലാകമാനം നിറയുന്നത് വിമാനാപകടത്തില്‍നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട നൗഫലിന്റെ കഥയാണ്. അപകടം സംഭവിച്ചവരുടെ ലിസ്റ്റില്‍ മലപ്പുറം തിരുനാവായ സ്വദേശി നൗഫലുണ്ടായിരുന്നുവെങ്കിലും നൗഫലിന് യാത്ര ചെയ്യാനാവാതിരുന്നത് അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാരണമായി.
ദുബായ് വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കിയെങ്കിലും നൗഫലിന് യാത്ര ചെയ്യാനായിരുന്നില്ല. എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാന്‍ പറഞ്ഞു. കൈയില്‍ പണമില്ലാത്തതിനാല്‍ യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു നൗഫല്‍.
ആ തീരുമാനത്തിന് ഇന്ന് നൗഫലിന്റെ ജീവനോളം വിലയുണ്ട്. നൗഫല്‍ സുരക്ഷിതനാണെന്നും അപകടം സംഭവിച്ചവരുടെ ലിസ്റ്റില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി ആര്യന് എന്ന വ്യക്തി സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഈ കുറിപ്പ് ഇപ്പോള്‍ വൈറലാണ്. നിരവധി പേര് വാര്‍ത്ത ഷെയര്‍ ചെയ്യുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ;
നൗഫല്‍
ഇദ്ദേഹത്തിന്റെ പേരു അപകടത്തില്‍ പെട്ട വിമാനത്തിലെ passengers ലിസ്റ്റില്‍ ഉണ്ട്.. പക്ഷെ അദ്ദേഹം ആ വിമാനത്തില്‍ കയറിയിട്ടില്ല..
കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫല്‍.ദുബൈ വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാന്‍ പറഞ്ഞു.കൈയില്‍ പണമില്ലാത്തതിനാല്‍ യാത്ര വേണ്ടെന്ന് വെച്ചു..ഇപ്പോള്‍ ഷാര്‍ജയില്‍ താമസ സ്ഥലത്ത് ഉണ്ട്.. ബോര്‍ഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് passengers ലിസ്റ്റില്‍ പേരുള്ളത് അദ്ദേഹം സുരക്ഷിതനാണ്..
Uae വിസ തീര്‍ന്നെങ്കിലും.. ഈ ലോകത്തില്‍ ജീവിക്കാനുള്ള വിസ അദ്ദേഹത്തിന് പുതുക്കി കിട്ടി..
Discussion about this post