കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായത് ഏറെ നിര്‍ഭാഗ്യകരമായ അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നു. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കില്‍ ദുരന്ത വ്യാപ്തി വര്‍ധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അപകടത്തില്‍ 14 മുതിര്‍ന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കൂടാതെ പൈലറ്റും കോപൈലറ്റും മരണപ്പെട്ടു. ഇവരുടെ മൃതദേഹം എയര്‍ ഇന്ത്യ ഏറ്റുവാങ്ങി. കോഴിക്കോട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 16 ആശുപത്രികളിലായി 149 പേര് ചികിത്സയിലാണ്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേര് ഡിസ്ചാര്‍ജ് ചെയ്തു.
അപകടത്തില്‍പ്പെട്ടവരില്‍ തമിഴ്നാട്, തെലങ്കാന സ്വദേശികളുമുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കണ്ട്രോള് റൂം നമ്പര്‍: 0495 2376901 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചിരുന്നു. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാര പരുക്കുള്ളവര്‍ക്ക് 50000 രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 18 പേരുടെ ജീവനാണ് പൊലിഞ്ഞത്. 149 പേര് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിലാണ് ഇവരുള്ളത്. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. 22 പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടമുണ്ടായി മൂന്നു മണിക്കൂറിനുള്ളില്‍ യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതാണ് മരണനിരക്ക് കുറച്ചത്. വെള്ളിയാഴ്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എ.ഐ.1334 ബോയിങ് വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം.
Discussion about this post