കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അപകടത്തില്‍ 18ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്ന് അപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് സാഠേ പറഞ്ഞിരുന്നതായി സുഹൃത്തും മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജരുമായ കെആര്‍ പ്രമോദ് പറഞ്ഞു.
ഒരു പ്രണുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് വിമാനം ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് പ്രമോദ് വ്യക്തമാക്കി.
നല്ല വ്യക്തിത്വത്തിന് ഉടമയും അനുഭവപരിചയമുള്ള, വൈദഗ്ധ്യമുള്ള പൈലറ്റുമായിരുന്നു ദീപക് സാഠേ. കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് വളരെ റിസ്‌ക് ആണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഇറക്കാറെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു.
അദ്ദേഹത്തിന്റെ അനുഭവത്തില്‍ ലാന്‍ഡിങ്ങിന് എറ്റവും ബുദ്ധിമുട്ട് നേരിടുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരെന്നും പറഞ്ഞിരുന്നു. അന്നത്തെ കൊച്ചി കോഴിക്കോട് യാത്രയില്‍ യാത്രക്കാരനായിരുന്നപ്പോള്‍ തന്നെ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൈലറ്റായിരിക്കുന്നതിനേക്കാള്‍ യാത്രക്കാരനായിരിക്കുമ്പോഴാണ് പേടി തോന്നാറെന്ന് അദ്ദേഹം പറയാറുണ്ടെന്നും കം ആര്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്ന്. ഉടന്‍ വിളിച്ചത് അദ്ദേഹത്തെയാണ്. ആ വിമാനം നിയന്ത്രിച്ചിരുന്നത് അദ്ദേഹമാണെന്ന് കരുതിയല്ല. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും തൊട്ടുപിന്നാലെയാണ് ഇദ്ദേഹമാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അപകടത്തില്‍പ്പെട്ടതായും മരണപ്പെട്ടതായും അറിയുന്നതെന്നും പ്രമോദ് പറഞ്ഞു.
ഈ കൊവിഡ് കാലത്ത് മെയ് മാസത്തിലാണ് അദ്ദേഹത്തോട് അവസാനമായി ഫോണില്‍ സംസാരിച്ചത്. ഏഴ് മാസം മുന്‍പ് അദ്ദേഹം കോഴിക്കോടെത്തിയപ്പോഴായിരുന്നു ഒടുവില്‍ കണ്ടത്.പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളൂവെങ്കിലും ദീപക് സാഠേയുമായി നല്ല അടുപ്പമായിരുന്നു. കോഴിക്കോട് എത്തുമ്പോഴെല്ലാം അദ്ദേഹം വിളിക്കുകയും ഞങ്ങള്‍ കാണുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ഒരു നല്ല സുഹൃത്തിനെയാണ് ഇപ്പോള്‍ നഷ്ടമായതെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
Discussion about this post