മൂന്നാര്‍: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. രാവിലെ പ്രദേശത്തുനിന്ന് ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
പെട്ടിമുടിയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിദ്ഗ്ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
.
Discussion about this post