കോഴിക്കോട്: ദുബായിയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്. വിമാനം എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതിലെ വിവരങ്ങൾ അന്വേഷണ സംഘത്തെ സഹായിക്കും.
അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. ഈ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകും.
ലാൻഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നുവെന്നും റൺവേയിൽ അത് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയുമായിരുന്നെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ടുതവണ പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തുടർന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാൻഡ് ചെയ്തത്. പക്ഷെ, റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
Discussion about this post