രാജമല: ഇടുക്കി രാജമലിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർക്കാരിന് അതിയായ ദുഃഖവും ഖേദവും ഉണ്ടെന്ന് മന്ത്രി എംഎം മണി. താനിപ്പോൾ പെട്ടിമുടി സന്ദർശിക്കുമെന്നും റവന്യൂമന്ത്രിയും വൈകാതെ സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു. പെട്ടിമുടിയിലെയും കരിപ്പൂരിലെയും സംഭവങ്ങൾ അതീവ വേദനയുണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെട്ടിമുടിയിൽ അന്തരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകും. കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണ് മരിച്ച എല്ലാവരും. അതിനാൽ തന്നെ കമ്പനിക്ക് ഉത്തരവാദിത്വം സ്വഭാവികമായും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനായി മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കാര്യങ്ങൾ സങ്കീർണമാണെന്നും പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡാമുകളിലെല്ലാം വെള്ളം നിറയുന്നുണ്ട്. അതിനാൽ ചെറിയ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറന്നുവിടേണ്ട ഘട്ടമെത്തിയാൻ തുറന്നുവിടാൻ മുന്നേ തീരുമാനിച്ചിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post