കോഴിക്കോട്: പെരുമഴയെയും കോവിഡിനെയും വകവെയ്ക്കാതെ വിമാനാപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. തികച്ചും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരില്‍ നടന്നത്. അതേപോലെ തന്നെ സമൂഹമാധ്യമങ്ങളിലും. ഉറങ്ങാതെ കേരളക്കര ഒന്നടങ്കം സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കാവും വിധം സഹായം ചെയ്ത് നാട്ടുകാര്‍ക്കൊപ്പം രക്ഷാദൗത്യത്തില്‍ പങ്കാളികളായിരുന്നു.
വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്റീനില്‍ പോകേണ്ടവര്‍, പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം, പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അപകടവിവരമറിഞ്ഞ് കിട്ടിയ വാഹനവുമെടുത്ത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും കണ്ടെയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു. കൂടാതെ പെരുമഴയും. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
നാട്ടുകാര്‍ക്കൊപ്പം കേരളക്കര ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തങ്ങള്‍ക്കാവും വിധത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചും ആശ്വസിപ്പിച്ചും സമൂഹമാധ്യമങ്ങളില്‍ ഉറക്കമളച്ച് മലയാളികളിരുന്നു. യുവാതാരങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായി പ്രവര്‍ത്തിച്ചു.
നിവിന്‍ പോളി, ടൊവിനോ, സണ്ണിവെയ്ന്‍, വിനയ്‌ഫോര്‍ട്ട്, അജുവര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ രക്ഷാദൗത്യത്തില്‍ പങ്കാളികളായത്. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മറന്ന് കേരളക്കര ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന രാത്രിയായിരുന്നു ഇന്നലെത്തേത്.