മലപ്പുറം: കരിപ്പൂരിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റുമടക്കുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ന് രാവിലെയോടെ അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്തേക്ക് എത്തിച്ചേർന്നത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ തന്നെ കരിപ്പൂരിലെത്തി. പ്രത്യേക ഹെലികോപ്റ്ററിലാണ് വി മുരളീധരൻ കരിപ്പൂരിലെത്തിയത്. അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ എത്തിയതെന്ന് മന്ത്രി അറിയിച്ചു.
അപകടകാരണത്തേപ്പറ്റി ഡിജിസിഎ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും. അപകട സ്ഥലം സന്ദർശിച്ചതിന് ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും കാണുമെന്നും മുരളീധരൻ അറിയിച്ചു. രാവിലെ 9.30 ആകും മുരളീധരൻ അപകടസ്ഥലം സന്ദർശിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂരിലെത്തുമെന്നാണ് വിവരം. പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല ഏൽപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.