തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.
ഇന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
നാളെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെന്റീമീറ്ററും മൂന്നാറില്‍ 23 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര് രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
Discussion about this post