കരിപ്പൂര്‍ വിമാന അപകടം; ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ ഉള്‍പ്പടെ മരണം 11 ആയി, സഹപൈലറ്റ് അഖിലേഷിന് ഗുരുതര പരിക്ക്

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളര്‍ന്ന അപകടത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ ഉള്‍പ്പടെയാണ് അപകടത്തില്‍ മരിച്ചത്. സഹപൈലറ്റ് അഖിലേഷിനും ഗുരുതര പരിക്കുകളുണ്ട്.

പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച നാലുപേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീയും മരിച്ചു. രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്‌കോഴിക്കോട് വിമാനം രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു.

അപകടത്തിന് കാരണം കനത്ത മഴയെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നതായാണ് വിവരം. 4.45ന് ദുബായിയില്‍ നിന്നും പുറപ്പെട്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേയ്ക്ക് പതിച്ചു. ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയായിരുന്നു.

മുന്‍വാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോക്ക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള മുന്‍ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റത്.

Exit mobile version