തിരുവനന്തപുരം: ദുരന്തം പുറംലോകമറിഞ്ഞുവന്ന മണിക്കൂറുകളില്‍ തന്നെ ദുരന്തത്തിന്റെ ഇരകളെയും രക്ഷാപ്രവര്‍ത്തകരെയും രക്ഷാദൗത്യത്തെയുമെല്ലാം അപഹസിച്ച് രംഗത്തെത്തിയ ശ്രീജിത്ത് പണിക്കറെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തുമായി സുപ്രീംകോടതി അഡ്വ. സുഭാഷ് ചന്ദ്രന്‍. മാധ്യമങ്ങള്‍ക്ക് അയച്ച കത്തിന്റെ രൂപം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം, കോവിഡ് എന്ന മഹാമാരിയുടെ ആശങ്കകള്‍ക്കിടയിലും സ്വന്തം ആരോഗ്യത്തില്‍ വ്യാകുലപ്പെടാതെ, മണ്ണിനടിയില്‍പെട്ടിരിക്കുന്ന, ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്ന അവസാന മനുഷ്യനെയും കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.
ദുരന്തം പുറംലോകമറിഞ്ഞുവന്ന മണിക്കൂറുകളില്‍ത്തന്നെ ദുരന്തത്തിന്റെ ഇരകളെയും രക്ഷാപ്രവര്‍ത്തകരെയും രക്ഷാദൗത്യത്തെയുമെല്ലാം അപഹസിച്ചു കൊണ്ട് ‘ശ്രീജിത്ത് പണിക്കര്‍ ‘എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ പരാമര്‍ശം നടത്തി. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസ്തുത ദേഹം വിവിധ മേഖലകളിലെ നിരീക്ഷകനെന്നപേരില്‍ താങ്കളുടേതുള്‍പ്പടെയുള്ള വിവിധ മാധ്യമ സ്ഥാപനങ്ങളിലെ വാര്‍ത്ത ചര്‍ച്ചകളിലെ ഒരു സ്ഥിരം ക്ഷണിതാവാണ്. ഇദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച വിവാദ പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പടെ പങ്കുവെച്ചാണ് ആവശ്യവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ബഹുമാനപ്പെട്ട എഡിറ്റർ / ചീഫ് ഓഫ് ന്യൂസ്,
ഇടുക്കി ജില്ലയിലെ രാജമല / പെട്ടിമുടിയിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മനസ്സാക്ഷിയുള്ളവരെല്ലാം വിറങ്ങലിച്ചു നിൽക്കുകയാണല്ലോ? മാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട അമ്പത്തിയെട്ടോളം മനുഷ്യർ ഇനിയും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ വെല്ലുവിളികൾ മൂലം അതിരാവിലെയുണ്ടായ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാനായതുപോലും മണിക്കൂറുകൾക്കു ശേഷമാണ്.
സർക്കാർ സംവിധാനങ്ങളും സേനവിഭാഗങ്ങളും പ്രദേശവാസികളുമെല്ലാം ഒത്തൊരുമിച്ചു നടത്തുന്ന രക്ഷാപ്രവർത്തനത്തിലൂടെ പതിനഞ്ചിലധികം പേരുടെ ജീവൻ രക്ഷിക്കാനായെങ്കിലും പതിനഞ്ചിലധികം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത് എന്ന വസ്തുത വേദനാജനകവും കടുത്ത ആശങ്കയുളവാക്കുന്നതുമാണ്.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവർത്തകരുമെല്ലാം, കോവിഡ് എന്ന മഹാമാരിയുടെ ആശങ്കകൾക്കിടയിലും സ്വന്തം ആരോഗ്യത്തിൽ വ്യാകുലപ്പെടാതെ, മണ്ണിനടിയിൽപെട്ടിരിക്കുന്ന, ജീവൻറെ തുടിപ്പുകൾ അവശേഷിക്കുന്ന അവസാന മനുഷ്യനെയും കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.
ദുരന്തം പുറംലോകമറിഞ്ഞുവന്ന മണിക്കൂറുകളിൽത്തന്നെ ദുരന്തത്തിന്റെ ഇരകളെയും രക്ഷാപ്രവർത്തകരെയും രക്ഷാദൗത്യത്തെയുമെല്ലാം അപഹസിച്ചു കൊണ്ട് “ശ്രീജിത്ത് പണിക്കർ “എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശമാണ് ഈ കുറിപ്പിന്നാധാരം. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ പ്രസ്തുത ദേഹം വിവിധ മേഖലകളിലെ നിരീക്ഷകനെന്നപേരിൽ താങ്കളുടേതുൾപ്പടെയുള്ള വിവിധ മാധ്യമ സ്ഥാപനങ്ങളിലെ വാർത്ത ചർച്ചകളിലെ ഒരു സ്ഥിരം ക്ഷണിതാവാണ്.
വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും വ്യക്തിതാൽപര്യങ്ങളും മാറ്റിവെച്ചു, സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് കേരളത്തിലെ ലക്ഷോപലക്ഷം സാമൂഹ്യ പ്രവർത്തകർ കഴിഞ്ഞകാലങ്ങളിലെ പ്രകൃതി ദുരന്തങ്ങളെയെല്ലാം നേരിട്ടതെന്നു എടുത്തുപറയേണ്ടതില്ലല്ലോ? ദൗർഭാഗ്യകരമായ സംഭവങ്ങളിൽ മാധ്യമപ്രവർത്തകർക്കുവരെ ജീവൻ നഷ്ട്പെട്ട അനുഭവങ്ങളും നമുക്കു മുന്നിലുണ്ട്.
നെഗറ്റീവ് ആയാണെങ്കിൽപോലും മാധ്യമങ്ങളിലും സമൂഹമാധ്യങ്ങളിലും ശ്രദ്ധനേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ, ദുരന്തങ്ങളെപോലും ആഘോഷമാകുമെന്ന ഇത്തരക്കാരുടെ സ്ഥിരബുദ്ധിയെക്കുറിച്ചു ഗൗരവമായ ചർച്ചകൾ സമൂഹത്തിന്റെ വിവിധതുറകളിൽ സജീവമായിട്ടുണ്ടെന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ഞാനും താങ്കളും ഉൾപ്പടെയുള്ള കേരളീയ സമൂഹത്തിന്റെ ദുരന്തങ്ങളെ ആഘോഷമാക്കുന്ന “ശ്രീജിത്ത് പണിക്കർ” എന്നപേരിൽ അറിയപ്പെടുന്ന പ്രസ്തുത ദേഹത്തെ താങ്കളുടെ സ്ഥാപനത്തിലെ ഭാവി ചർച്ചകളിൽ നിന്നും മാറ്റി നിർത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
മേൽപ്പറഞ്ഞ അഭ്യർത്ഥന സ്വീകരിക്കാതിരിക്കാനുള്ള അവകാശം താങ്കളുടെ സ്ഥാപനത്തിനുള്ളപോലെ,പ്രസ്തുത വ്യക്തിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും വാർത്തപരിപാടികളും ബഹിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം പ്രസ്തുത വ്യക്തിയോട് വിയോജിപ്പുള്ള കേരളത്തിലെ പ്രേക്ഷക സമൂഹത്തിനുണ്ടെന്നും വിനീതമായി ഓർമപ്പെടുത്തട്ടെ.
വിശ്വസ്തതയോടെ,
സുഭാഷ് ചന്ദ്രൻ കെ ആർ
അഡ്വക്കേറ്റ്, സുപ്രീം കോർട്ട്
Discussion about this post