ചെന്നൈ: കേരളത്തില്‍ കനത്ത മഴ പുരോഗമിക്കുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി സ്വതന്ത്ര്യ കാലാവസ്ഥ നിരീക്ഷകനും തമിഴ്നാട് വെതര്മാനായ പ്രദീപ് ജോണ്‍. ഫേസ്ബുക്കിലൂടെയാണ് വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരുമെന്നും അദ്ദേഹം പറയുന്നു. ഉരുള്‍ പൊട്ടല്‍ സാധ്യത അധികമാണെന്നും വെതര്‍മാന്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഇടുക്കിയിലേക്ക് മേഘ ബാന്റുകള്‍ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍, പണ്ടല്ലൂര് പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണ്. വയനാട്ടില്‍ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ഓഗസ്റ്റ് 11വരെ മഴ തുടര്‍ന്നാല്‍ പൊസറ്റീവ് സോണിലെത്തും. വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുള്‍ പൊട്ടല്‍ സാധ്യത അധികമാണ്.
Discussion about this post