കായംകുളം: സംസ്ഥാനത്ത് മഴ കനക്കുകയാണ്. പലയിടത്തും വെള്ളം കയറുകയും ഉരുള്‍പൊട്ടലും സംഭവിച്ചു കഴിഞ്ഞു. പ്രളയ സമാനമാണ് നിലവില്‍ കേരളത്തിലെ സ്ഥിതി. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി വീണിരിക്കുകയാണ്. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനില്‍ നിന്ന അരയാലും മാവുമാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്.
മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടു തല ഉയര്‍ത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശി വീണതിന്റെ ആഘാതത്തിലാണ് പ്രദേശവാസികളും. ഒരു വശത്ത് നിരവധി കുട്ടികള്‍ പഠിക്കുന്ന മാവിലേത്ത് ഗവ. എല്‍പി സ്‌കൂളും, മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാല്‍ മരം വീണതിലും ആര്‍ക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല എന്നതും അത്ഭുതമുളവാക്കുന്നു. കടപുഴകി അര്‍ധരാത്രിയില്‍ റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.
വര്‍ഷങ്ങളായി ഒരു ഗ്രാമത്തിന്റെ സംസ്‌കാരവുമായി ആലും മാവും ( ആത്മാവ് ) ഇഴകിചേര്‍ന്നിരിന്നു. മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരില്‍ പ്രദേശം വര്‍ഷങ്ങളായി അറിയപ്പെടുന്നത്.