പെരിയാറില്‍ വെള്ളം ഉയര്‍ന്നു, ആലുവ ശിവക്ഷേത്രം മുങ്ങി;പാലായിലും ഈരാറ്റുപേട്ടയിലും വെള്ളം കയറി; പെരിയാര്‍, ചാലക്കുടി, മീനച്ചിലാര്‍ ,കബനി നദികളില്‍ വെള്ളപ്പൊക്കം

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ നദികള്‍ കര കവിഞ്ഞ് ഒഴുകുന്നു. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതോടെ പെരിയാറില്‍ വെള്ളം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ആലുവ ക്ഷേത്രം മുങ്ങി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. ചാലക്കുടി റയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.

മീനച്ചില്‍ കരകവിഞ്ഞ് ഒഴുകിയതോടെ പാലാ നഗരം അടക്കം വെള്ളം കയറി. ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങള്‍ ഭാഗീകമായി വെള്ളത്തിനടിയിലാണ്. ഒരുമണിക്കൂറിനുള്ളില്‍ അരമീറ്റര്‍ എന്നകണക്കിലാണ് നദിയില്‍ വെള്ളം ഉയരുന്നത്. കോട്ടയം -പാലാ പാതയില്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യമാണുള്ളത്.

പാലാ കൊട്ടാരമറ്റത്ത് വെളളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് പാലാ ഈരാറ്റുപേട്ട റോഡ് അടച്ചു. കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ചാലിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം നിലമ്പൂര്‍ ടൗണില്‍ വീണ്ടും വെള്ളം പൊങ്ങി. ജനതപ്പടിയിലെയും മൈലാടിയിലെയും കടകളും റോഡുകളും മുങ്ങി. കരുവാരക്കുണ്ടിലെ 99 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുന്നപ്പുഴയിലെ മുട്ടിക്കടവ്, മുപ്പിനി പാലങ്ങള്‍ മുങ്ങി. പാലങ്ങള്‍ക്കു മുകളിലൂടെ വെള്ളം ഒഴുകുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഹൈറേഞ്ചില്‍ അതിതീവ്ര മഴ ഉണ്ടാകാം. അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Exit mobile version