തൃശ്ശൂര്‍: ഓട്ടം വിളിച്ച് കബളിപ്പിക്കപ്പെട്ട കലാഭവന്‍ മണിയുടെ ആരാധകനായ ഓട്ടോ ഡ്രൈവര്‍ക്ക് സഹായ വാഗ്ദാനവുമായി മണിയുടെ നായിക നിയ രഞ്ജിത്ത്. തൃശൂരിലെ ഓട്ടോ ഡ്രൈവര്‍ രേവത്ബാബുവിനാണ് നിയ രഞ്ജിത്തിന്റെ സഹായം ലഭിച്ചത്. രേവതിന്റെ വാര്‍ത്തയറിഞ്ഞതിന് പിന്നാലെയാണ് നിയ സഹായ വാഗ്ദാനവുമായി എത്തിയത്.
താന്‍ ചതിക്കപ്പെടുകയാണെന്ന് അറിയാതെ അമ്മയെ അവസാനമായി ഒരുനോക്കു കാണാനുള്ള മകന്റെ കണ്ണീരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ രേവത് ബാബു വീഴുകയായിരുന്നു. വിശ്വസിപ്പിക്കാന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിക്കുകയും ചെയ്തു.
പരിചയക്കാരില്‍ നിന്ന് അഞ്ഞൂറു രൂപ കടം വാങ്ങി ഓട്ടോക്കാരന്‍ യാത്ര പുറപ്പെട്ടു. അമ്മയെ അവസാനമായി ഒരു നോക്കു കാണാനുള്ള മകന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനായിരുന്നു ആ യാത്ര. പിന്നീട് വഴിക്കിടയില്‍ വച്ചും പണം കടം വാങ്ങി രേവത് ഇയാളെ സഹായിച്ചിരുന്നു.
തമ്പാനൂരിലെ ഒരാശുപത്രിയില്‍ വണ്ടി നിര്ത്തിയ ശേഷം യാത്രക്കാരന്‍ പറഞ്ഞു. ‘അമ്മയുടെ മൃതദേഹം കണ്ടിട്ട് വരാം. ബന്ധു ഇപ്പോള്‍ എത്തും. പണം കയ്യോടെ വാങ്ങി തരാം. അമ്മയുടെ മൃതദേഹത്തില്‍ പുതപ്പിക്കാന് തുണി വാങ്ങി. മോര്‍ച്ചറിയില്‍ പണം വേണം. ആയിരം രൂപ കൂടി തരാമോ?. ബന്ധു വന്നാല്‍ ആ ഉടനെ പണം തിരിച്ചുതരാം’. കരഞ്ഞു തളര്‍ന്ന മകന് ആ പണവും ഓട്ടോക്കാരന്‍ നല്കി.
എന്നാല്‍ അമ്മയെ അവസാനമായി കാണാന്‍ പോയ ആ മകന്‍ പിന്നെ വന്നില്ല. ആശുപത്രിയില്‍ ഏറെ നേരം തിരഞ്ഞിട്ടും ആളെ കണ്ടില്ല. അപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന് രേവത് മനസിലാക്കിയത്. ഒരാളുടെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ പോയതിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട ഓട്ടോക്കാരന്‍ എന്തുചെയ്യണമെന്നറിയാതെ തളരുകയായിരുന്നു.
വിഷമം കണ്ട് സഹായിക്കാന്‍ പോയി വഞ്ചിക്കപ്പെട്ട നല്ലമനസ്സിനുടമായായ രേവതിന്റെ വാര്‍ത്ത പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മണിയുടെ ആരാധകനായ രേവതിനെ സഹായിക്കാമെന്ന് നിയ അറിയിച്ചത്.
കലാഭവന്‍ മണി നായകനായ മലയാളി എന്ന ചിത്രത്തിലൂടെയാണ് നിയ സിനിമയിലെത്തുന്നത്. പാലക്കാട്ടെ ലൊക്കേഷനില്‍ മണിച്ചേട്ടനെ കാണാന്‍ വന്നപ്പോള്‍ നിയയെ കണ്ടിട്ടുണ്ടെന്ന് രേവത് പറഞ്ഞു. ഉല്‍സവ സീസണുകളില്‍ രേവത് മണിയുടെ നാടന്പാട്ടുകളുടെ സിഡികള്‍ വില്ക്കാനിറങ്ങാറുണ്ട്.
എന്നാല്‍ കോവിഡ് കാരണം ഉല്‍സവങ്ങള്‍ അകന്നുപോയ സമയത്താണ് ജീവിക്കാനായി രേവത് ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടത്. ജനപ്രിയ സീരിയലുകളിലൂടെ മലയാളിയുടെ ഇഷ്ടം നേടിയ നിയ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം ലണ്ടനിലാണ് ഇപ്പോള് താമസിക്കുന്നത്. വിജയ് ചിത്രം വേട്ടൈക്കാരനിലും നിയ വേഷമിട്ടിട്ടുണ്ട്.
അമ്മ മരിച്ചു എന്ന് പറഞ്ഞ് തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറായ രേവതിനെ കബളിപ്പിച്ചത് നെയ്യാറ്റിന്‍കര സ്വദേശി നിശാന്ത് ആണെന്നാണ് വിവരം. നിഷാന്ത് പ്ലംബിങ് തൊഴിലാളിയാണ്. സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
ചില സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ എത്താനാണ് ഓട്ടം വിളിച്ച് കബളിപ്പിച്ചതെന്നുമാണ് വിവരങ്ങള്‍. തമ്പാനൂര്‍ പൊലീസിനാണ് പരാതി നല്കിയത്. എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.