കൽപറ്റ: കനത്ത മഴ വയനാട്ടിൽ നശം വിതയ്ക്കുന്നു. മേപ്പാടി മുണ്ടക്കൈയിൽ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതിനിടെ, വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദേശീയപാത 766 ലെ മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. വാളാട് പുത്തൂർ റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം നിലച്ചു. മാനന്തവാടിയിലേക്കുള്ള പ്രധാന വഴികളിലെല്ലാം ഗതാഗത തടസ്സം നേരിടുന്നുണ്ട്. തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടൽ സാധ്യതയെത്തുടർന്നു പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു.
പനമരത്ത് നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോനിയിലെ 15 കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽനിന്നു 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. പനമരം വലിയപുഴ, മാനന്തവാടിപ്പുഴ, കാളിന്ദി, വെണ്ണിയോട് പുഴ എന്നിവയെല്ലാം കരകവിഞ്ഞു.
Discussion about this post