ന്യൂഡല്‍ഹി: തീര്‍ത്തും അസംബന്ധം, ഇതിലൂടെ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്…?ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ച ചോദ്യമാണിത്. പ്രാഥമിക പരിശോധനയില്‍ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിമര്‍ശനം.
സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് രഹ്ന സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ ആണ് രഹ്ന ആദ്യം സമീപിച്ചത്. അവിടെ നിന്നും ഹര്‍ജി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു.
രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണ്. എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുക- കോടതി ആരാഞ്ഞു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.
പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post