തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകളില്‍ മാറ്റം. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായി. ആറ് വീടുകളും രണ്ട് പാലങ്ങളും ഒരു റിസോര്‍ട്ടും തകര്‍ന്നു. ശബരിമല ഉള്‍വനത്തിലും ഉരുള്‍ പൊട്ടി.
മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര് മരിച്ചു. 16 പേരെ രക്ഷപെടുത്തി. നാല് പേരുടെ നില ഗുരുതരമാണ്. 80 ഓളം പേര് അപകടത്തില്‍ പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.
ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് എന്നാണ് വിവരം. രാത്രി അപകടമുണ്ടായതാണ് ദുരന്തവ്യാപ്തി കൂട്ടിയത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘവും മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും പുറപ്പെട്ടിട്ടുണ്ട്.
Discussion about this post