തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. നാല് ലയങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. ലയങ്ങളിലെല്ലാം താമസക്കാര്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കണ്ണന് ദേവന് പ്ലാന്റെഷന്റെ ലയത്തിലാണ് അപകടം നടന്നത്. ലയങ്ങളില്‍ കുടുങ്ങിയ 10 പേരെ പുറത്ത് എത്തിച്ചു. ഇവരെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
അതേസമയം കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. മണ്ണുമാന്തികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് പ്രദേശത്തേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയും ഉണ്ട്. സമീപത്തെ ആശുപത്രികള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post