മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഴുപതോളംപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് നിലവില്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്തേക്ക് പോലീസും മറ്റ് സേനാ വിഭാഗങ്ങളും തിരിച്ചിട്ടുണ്ട്.
പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് പോലീസിനോ രക്ഷാപ്രവര്‍ത്തകര്‍ക്കോ ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം കഴിഞ്ഞ പ്രളയകാലത്താണ് തകര്‍ന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രദേശത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post