സംസ്ഥാനത്ത് മഴ കനത്തു; വിവിധ ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

കൊച്ചി:കേരളത്തില്‍ മഴ കനത്തതോടെ വിവിധ ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. എറണാകുളം ജില്ലയില്‍ മാത്രം പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 202 കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി രണ്ട് പ്രത്യേക ക്യാമ്പുകളും തുറന്നിട്ടുണ്ട്.

കോതമംഗലം, പറവൂര്‍, കൊച്ചി താലൂക്കുകളിലാണ് ഏറ്റവുമധികം ആളുകള്‍ ക്യാമ്പുകളില്‍ ഉള്ളത്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നഗരസഭ വാര്‍ഡ് 24 ലെ ആനിക്കാകുടി കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. മൂവാറ്റുപുഴ ഇലാഹിയ കോളനിയിലെ 17 കുടുംബങ്ങളെ ജെബി സ്‌കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 49 ആയി. ഇതിനോടകം 2348 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇവരില്‍ 1138 പേര്‍ ആദിവാസി വിഭാഗത്തില്‍ പെടുന്നവരാണ്.

അതേസമയം മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയ ദുരന്ത നിവാരണ സംഘം പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജമല പെട്ടിമുടിയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലയങ്ങളിലെല്ലാം താമസക്കാര്‍ ഉണ്ടായിരുന്നവെന്നാണ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. നിരവധി പേര്‍ സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും പ്രദേശത്തെ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രദേശത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. സമീപത്തെ ആശുപത്രികള്‍ക്കെല്ലാം അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പരിക്കേറ്റ പത്തുപേരെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version