നിലമ്പൂർ: കനത്തമഴയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കവളപ്പാറയിൽ 59 പേരുടെ ജീവൻ മൺമറഞ്ഞത്. ഈ വർഷവും ഓഗസ്റ്റ് കേരളത്തിന് സമ്മാനിക്കു്‌നത് തീരാദുരിതവും കണ്ണീരും തന്നെയാണ്. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുൾപൊട്ടലിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ നിലമ്പൂരിൽ കനത്ത മഴ തുടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂർ പോത്തുകല്ലിനടുത്ത് കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത്. ദിവസങ്ങളോളം മഴ നിർത്താതെ പെയ്തതോടെയാണ് കവളപ്പാറ മല വിണ്ടുകീറി ഒലിച്ചുവന്ന് ഒരുഗ്രാമത്തെയൊന്നാകെ മൂടിയത്. ഉരുൾപൊട്ടലിനോടൊപ്പം ചാലിയാർ നദി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ മലയോര മേഖലയായ നിലമ്പൂരിലൊന്നാകെ വെള്ളത്തിൽ മുങ്ങിയിരുന്നു.
സമാനസാഹചര്യമാണ് പ്രദേശത്ത് ഈ വർഷവും നിലനിൽക്കുന്നത്. രണ്ട് ദിവസമായി നിലമ്പൂരിൽ കനത്ത മഴ തുടരുകയാണ്. ചാലിയാറിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് നിലമ്പൂർ പട്ടണത്തിൽ വെള്ളം പൊങ്ങി. ഇതോടെ ഗൂഡല്ലൂരിലേക്കുള്ള സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. നിലവിൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Discussion about this post