മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി എംഎം മണി. അതേസമയം മഴ കനക്കുകയാണെങ്കില്‍ അപകട സാധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ പ്രളയമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ടെന്നും മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും എല്ലാ മുന്‍ കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജമല പെട്ടിമുടിയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ലയങ്ങളിലെല്ലാം താമസക്കാര്‍ ഉണ്ടായിരുന്നവെന്നാണ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. നിരവധി പേര് സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും പ്രദേശത്തെ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രദേശത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. സമീപത്തെ ആശുപത്രികള്‍ക്കെല്ലാം അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post