കൊച്ചി : കോവിഡ് വ്യാപിക്കുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂടുതല്‍ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീര്‍ഘദൂര ബസ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. വൈക്കം – എറണാകുളം റൂട്ടില്‍ ഓടുന്ന ദീര്‍ഘദൂര ബസ് പുത്തന്‍കാവ് കവലയ്ക്ക് സമീപത്തുവെച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സാമൂഹിക അകലം പാലിക്കാതെയായിരുന്നു യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് ബസ് യാത്ര. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബസ്സ് തടയുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതിനിടെ ബസിലെ യാത്രക്കാരി ഇറങ്ങി റോഡിനു വട്ടം കിടന്നു. പോലീസ് എത്തിയാല്‍ മാത്രമേ ബസ് വിടൂ എന്ന് നാട്ടുകാര്‍ അറിയിച്ചതോടെ തങ്ങള്‍ക്ക് പോകാന്‍ സാധിച്ചില്ലെങ്കില്‍ ആരും പോകേണ്ട എന്ന് പറഞ്ഞ് യാത്രക്കാരില്‍ മറ്റു ചിലര്‍ റോഡില്‍ ഇറങ്ങി മറ്റു വാഹനങ്ങളും തടഞ്ഞു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ബസില്‍ ഇരുന്നു പോകാന്‍ കഴിയുന്നത്ര ആളുകളെ മാത്രം ഉള്‍പ്പെടുത്തി യാത്ര തുടരാന് അനുവദിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാതെ കൂടുതല്‍ യാത്രക്കാരെ കയറ്റിയതിനു ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു.
Discussion about this post