ഇടുക്കി; കനത്ത മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. എന്നാല്‍ ആളപായമില്ല. അതിനിടെ വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനാണ് മരിച്ചത്.
ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴപെയ്യുകയാണ്. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി. പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
ഇവിടെയുള്ള അപകടസാധ്യതാമേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ കനത്ത മഴയാണ്. മൂന്നാര്‍ ഗ്യാപ് റോഡില്‍ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post