തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള ക്യാംപെയ്‌നിലൂടെ സമാഹരിച്ച പത്ത് കോടിയില്‍ അധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിവിധ ജില്ലകളില്‍ നിന്നായി സമാഹരിച്ച 10,95,86,537 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത്. ഒരു കോടി 65 ലക്ഷത്തില്‍ അധികം രൂപയാണ് ജില്ലയിലെ പ്രവര്‍ത്തകര്‍ റീ സൈക്കിള്‍ കേരളയിലൂടെ സമാഹരിച്ചതെന്ന് എഎ റഹീം അറിയിച്ചു. കോഴിക്കോട് ഒരു കോടി 25 ലക്ഷത്തില്‍ അധികം രൂപ, തിരുവനന്തപുരം 1 കോടി 15 ലക്ഷത്തില്‍ അധികം രൂപ, തൃശൂര്‍ ഒരു കോടി രൂപ, മലപ്പുറം 97 ലക്ഷത്തില്‍ അധികം രൂപ, കൊല്ലം 85 ലക്ഷത്തിലധികം രൂപ, ആലപ്പുഴ 50 ലക്ഷം രൂപ, കോട്ടയം 22 ലക്ഷം 49 ആയിരത്തില്‍ അധികം രൂപ, വയനാട് 21 ലക്ഷം രൂപ, എന്നിങ്ങനെയാണ് സമാഹരിച്ചത്.
പഴയ സാധനങ്ങള്‍ വിറ്റും, സാനിറ്റൈസര്‍ നിര്‍മാണത്തിലൂടെയും അടക്കമാണ് പണം സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ആറര ടണ്‍ പ്ലാസ്റ്റിക്ക് ആണ് ജലാശയങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തിയെന്നും എ എ റഹീം പറഞ്ഞു.കൂടാതെ നിരവധി പ്രവര്‍ത്തനങ്ങളാണ് ലോക്ക് ഡൗണ്‍ കാലത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത് എന്ന് റഹീം പറഞ്ഞു. പരമ്പരാഗത കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി 90 ലക്ഷം രൂപയുടെ മുണ്ടുകള്‍ വാങ്ങി. കുട നിര്‍മാണ ശാലയില്‍ നിന്ന് കുടകള്‍ വാങ്ങി, അങ്ങനെ നിരവധി കാര്യങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്‌തെന്നും എഎ റഹീം പറഞ്ഞു.
Discussion about this post