‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘രാക്ഷസി’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വിഡിയോ കുറച്ചു ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചു. ഇതോടെ ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ യുവതിയെ തേടിപ്പിടിച്ച് കണ്ടെത്തി വീട്ടിലെത്തി മോട്ടോര്‍വാഹനവകുപ്പ് പിഴ ചുമത്തി.
ഈ പെണ്‍കുട്ടിക്ക് ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയെ. ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ ഉപയോഗിച്ച് ഫാന്‍ ഫൈറ്റ് ക്ലബിലെ ട്രോളന്മാര്‍ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കിയിരുന്നു.
ആ ട്രോള്‍ വിഡിയോ യുവതി സ്വന്തം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകര്‍ യുവതിയ്‌ക്കെതിരെ അസഭ്യവര്‍ഷവും ഭീഷണികളുമായി രംഗത്തെത്തി. വിഡിയോ പിന്‍വലിച്ച് മാപ്പു പറയണമെന്ന് പെണ്‍കുട്ടിയോട് സൈബര്‍ ബുള്ളേഴ്‌സ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു.
തുടര്‍ന്ന്, മാസ് റിപ്പോര്‍ട്ട് ചെയ്ത് വിവാദ വിഡിയോ പേജില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാല്‍, ആരാധകരുടെ രോഷം അവിടെ അവസാനിച്ചില്ല. പെണ്‍കുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോര്‍ വാഹന വകുപ്പിനെ ഇവര്‍ സമീപിച്ചു.
യുവതിക്കെതിരെ ഒട്ടേറെ പരാതികള്‍ വന്നതോടെ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളുടെ ഭാഗമായി യുവതിയുടെ വിവരങ്ങള്‍ തേടിപ്പിടിച്ച് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വീട്ടിലെത്തുകയായിരുന്നു.
പരിശോധനയില്‍ ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമേ പെണ്‍കുട്ടിക്കുള്ളൂ എന്ന് കണ്ടെത്തി. അങ്ങനെ, ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെല്‍മറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴ ചുമത്തി.
Discussion about this post