തിരുവനന്തപുരം: സംസഅഥാനത്ത് കൊവിഡ് പ്രതിരോധം പിഴവില്ലാതെ തുടർന്നാൽ സെപ്റ്റംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ. സർക്കാർ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാലിന്റെ കുറിപ്പ്.
അതേസമയം, ഇക്കാര്യത്തിൽ ആരോഗ്യ രംഗത്ത് ഭിന്നാഭിപ്രായംം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ കേസുകൾ പാരമ്യത്തിലെത്തുന്നത് മുന്നിൽക്കണ്ട് നടപടികൾ ശക്തമാക്കുകയാണ് സർക്കാരെന്നും റിപ്പോർട്ടുണ്ട്.
സർക്കാരിന്റെ വരുതിയിലുള്ള സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ് സെപ്റ്റംബർ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങുമെന്ന് ഡോ. ബി ഇക്ബാൽ വിലയിരുത്തുന്നത്. സർക്കാരാകട്ടെ പോലീസിന് കൂടുതൽ ചുമതല നൽകി നടപടികൾ ശക്തമാക്കിയിരിക്കുകയുമാണ്.
കർശന ക്വാറന്റൈൻ, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്‌സ് ക്വാറന്റൈൻ ശക്തമായി നടപ്പാക്കണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും വിദഗ്ദ ചികിത്സയ്ക്ക് കൊവിഡ് ആശുപത്രികളും സജ്ജമാണ്. ഒരുമിച്ചുള്ള കൊവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്‌സിനും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദ സമിതിയംഗം ഡോ ബി ഇക്ബാൽ പങ്കുവെക്കുന്ന കുറിപ്പിന്റെ ചുരുക്കം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറച്ച്, പിടിച്ചു നിർത്താനാവുന്നു എന്നതിലാണ് സർക്കാർ പ്രതീക്ഷ വെക്കുന്നത്.
അതേസമയം കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകൾ കുത്തനെ കൂടാൻ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ സർക്കാരിന് മുന്നിലുമുണ്ട്. വരുന്ന ആഴ്ച്ചകൾ അതിനിർണായകമാണ്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കർശന നിർദേശവുമായി പോലീസിന് ചുമതല നൽകിയിരിക്കുന്നത്.