വിതുര: യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭര്‍ത്താവറിയാതെ കിടപ്പുമുറിയിലെ രഹസ്യഅറയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയില്‍. ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) ആണ് പോലീസ് പിടിയിലായത്. 25ഓളം പവനാണ് ഇയാള്‍ കവര്‍ന്നത്.
യുവതിയും ഭര്‍ത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമാണു മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിക്കാനായി ഒരു ബന്ധു ഏല്‍പ്പിച്ച സ്വര്‍ണമാണ് മോഷണം പോയത്. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോണ്‍ കോള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളില്‍ പ്രതിയായ രാജേഷ് ഫോണ്‍ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയില്‍ ടൈലിനടിയില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി.
യുവതിയും ഭര്‍ത്താവും പുറത്തു പോയ സമയം വീടിന്റെ പിന് വാതില്‍ പൂട്ടാതെ കവര്‍ച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളില്‍ പലയിടത്തായി പണയം വച്ചു രാജേഷ് പത്തുലക്ഷത്തിന്റെ കാര്‍ വാങ്ങി. സ്വര്‍ണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post