അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ, വാനരന്മാര്‍ക്ക് ചോറും നീലക്കടലയും പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്ത് കുമ്മനം രാജശേഖന്‍

ആലപ്പുഴ: കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പൂജയും ശിലാസ്ഥാപനവും നടന്നത്. വാനരന്മാര്‍ക്കും പക്ഷിജാലങ്ങള്‍ക്കും ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രാമാഘോഷത്തില്‍ പങ്കുചേര്‍ന്നത്.

ഫേസ്ബുക്കിലൂടെ കുമ്മനം രാജശേഖരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീരാമ ജന്മഭൂമിയില്‍ നമ്മളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഉജ്ജ്വലവും അഭിമാനകരവുമായ വികാര സ്മൃതികള്‍ ജനമനസുകളില്‍ പകര്‍ന്നുനല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശിലാന്യാസം നടത്തിയപ്പോള്‍ ആലപ്പുഴ ജില്ലയില്‍ വെണ്മണി ശാര്‍ങ്ങക്കാവിലെ അന്തേവാസികളായ വാനരന്മാര്‍ക്കും പക്ഷിജാലങ്ങള്‍ക്കും ഭക്ഷണം നല്‍കി രാമഘോഷത്തില്‍ പങ്കുചേര്‍ന്നുവെന്ന് കുമ്മനം പറഞ്ഞു.

എല്ലാ ജീവജാലങ്ങളും വൃക്ഷലതാദികളുമായും ശ്രീരാമചന്ദ്രന്‍ പുലര്‍ത്തിയ സ്‌നേഹ സൗഹൃദ ബന്ധവും പാരിസ്ഥിതിക സൗഹാര്‍ദ്ദവും വെളിപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചു ശാര്‍ങ്ങക്കാവില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് കുമ്മനം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

രാമസൗഹൃദം പകര്‍ന്ന് വാനര ഊട്ട്.

ശ്രീരാമ ജന്മഭൂമിയില്‍ നമ്മളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഉജ്ജ്വലവും അഭിമാനകരവുമായ വികാര സ്മൃതികള്‍ ജനമനസുകളില്‍ പകര്‍ന്നുനല്‍കിക്കൊണ്ട് ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി ശിലാന്യാസം നടത്തിയപ്പോള്‍ ആലപ്പുഴ ജില്ലയില്‍ വെണ്മണി ശാര്‍ങ്ങക്കാവിലെ അന്തേവാസികളായ വാനരന്മാര്‍ക്കും പക്ഷിജാലങ്ങള്‍ക്കും ഭക്ഷണം നല്‍കി രാമഘോഷത്തില്‍ പങ്കുചേര്‍ന്നു.

അച്ചന്‌കോവിലാറിന്റെ തീരത്തു വൃക്ഷനിബിഡമായ വനദുര്‍ഗ്ഗാ ദേവീക്ഷേത്ര സന്നിധി അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന മുഹൂര്‍ത്തത്തില്‍ രാമമന്ത്ര ജപ മുഖരിതമായി. ശ്രീരാമ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും ശ്രീരാമാവതാരപാരായണയും നടത്തി. തുടര്‍ന്ന് വാനരന്മാര്‍ക്ക് ചോറും നീലക്കടലയും പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. രാമനോടൊപ്പം ധര്‍മ്മ സംരക്ഷണത്തിന് അഹോരാത്രം പണിയെടുത്ത വാനരസേനയെ സ്മരിച്ചുകൊണ്ടാണ് വാനരഊട്ട് നടന്നത്.തുടര്‍ന്ന് പക്ഷികള്‍ക്കും അച്ചന്‍കോവില്‍ നദിയിലുള്ള മത്സ്യങ്ങള്‍ക്കും , അണ്ണാന്‍ തടുങ്ങിയ കാവിലെ ജന്തു ജീവജാലങ്ങള്‍ക്കും ഭക്ഷണം നല്‍കി.

എല്ലാ ജീവജാലങ്ങളും വൃക്ഷലതാദികളുമായും ശ്രീരാമചന്ദ്രന്‍ പുലര്‍ത്തിയ സ്‌നേഹ സൗഹൃദ ബന്ധവും പാരിസ്ഥിതിക സൗഹാര്‍ദ്ദവും വെളിപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചു ശാര്‍ങ്ങക്കാവില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

അങ്ങനെ സഹജീവനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉല്‍കൃഷ്ടമായ ശ്രീരാമദര്‍ശനത്തിന്റെ അനുഭവ സാക്ഷാത്കാരമായി ചടങ്ങ് മാറി.

Exit mobile version